Sunday, December 5, 2010

പുരോഗമനത്തിന്റെ നാനാര്‍ത്ഥങ്ങള്‍

“He (Marx ) called me a sentimental idealist.... I called him a vain man” - Bakunin

മനുഷ്യനെ നിശ്ചിത കര്‍മ്മങ്ങളിലേയ്ക്കും സവിശേഷ ലക്ഷ്യങ്ങളിലേക്കും ചലിപ്പിക്കുന്ന തൃഷ്ണകള്‍ അവന്റെ ആവശ്യങ്ങളാകുന്നു. ഈ ആവശ്യങ്ങള്‍ അവന്റെ നിശ്ചിത ഉദ്ദേശ്യങ്ങളെയും ദിശകളേയും സാധൂകരിക്കുന്നു. അവന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍, അവനിലെ ശക്തി, വ്യക്തി വൃത്തമെന്ന സങ്കുചിത തലത്തില്‍നിന്നു തന്നെ സാമൂഹികതയുടെ അതിരുകളില്ലാത്ത സാമ്രാജ്യങ്ങളിലേയ്ക്ക് സന്നിവേശിക്കുന്നു. ഞാന്‍ ഈയിടെ വായിച്ച ലേഖനത്തിന്റെ സത്ത ഇതായിരുന്നു. അതായത്, അനുകൂലമായ ഒരു സാമൂഹ്യസാഹചര്യം മനുഷ്യന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. അത്തരം ഒരു സാമൂഹ്യ സാഹചര്യമാണ് ആധുനിക മനുഷ്യനെ സംബന്ധിച്ച് ജനാധിപത്യം എന്ന് പറയാം. എന്നാല്‍ ഇത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ശരിയല്ലതാനും. സത്യത്തില്‍ ഇപ്പറഞ്ഞത് ഒരു മഞ്ഞുമലയുടെ ഭാഗികമായ ദൃശ്യമായ അഗ്രം മാത്രമാണ്. ജനാധിപത്യം മനുഷ്യന്റെ ലക്ഷ്യമാണെന്ന് പറയുന്നില്ല, അതവന്റെ ചരിത്രത്തിന്റെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണെന്നതാണ് ശരി. കേവല ലക്ഷ്യം മനുഷ്യസ്വാതന്ത്ര്യം തന്നെയാണ്, ചരിത്രപരമായ ഏതനിവാര്യതയുടെയും നിരാസവുമാണത്. അതുകൊണ്ട്, ഞാന്‍ പറയുന്നു, നമുക്കൊരിയ്ക്കലും ഒരു കേവല വ്യവസ്ഥയേയോ അതുളവാക്കുന്ന ഒരു നിശ്ചിത സംഘടനാരീതിയെയോ പുല്‍കാനാകില്ല, പകരം ഏതൊരു സംഘാടനവും അതുളവാക്കുന്ന കേവലതയും ഫലത്തില്‍ പദാര്‍ത്ഥത്തിന്റെയും അവ മനുഷ്യമനസ്സില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളുടെയും ഒരു സംശ്ലേഷണം മാത്രമാണെന്നും അത് യാഥാര്‍ത്ഥ്യത്തിന്റെ ദാര്‍ശനികമായ ആശയരൂപീകരണങ്ങള്‍ മാത്രമായിരിക്കുമെന്നും ഈ അമൂര്‍ത്തവല്‍ക്കരണങ്ങളാല്‍ സഹജമായുണ്ടാകുന്ന മനുഷ്യന്റെ ആന്തരിക സങ്കല്‍പ്പനങ്ങളാണവയെന്നും അത് മനുഷ്യവികാസത്തിന്റെ ഓരോ കണ്ണികളിലും വര്‍ത്തിക്കുന്നു എന്നു ചുരുക്കം.

ഇന്നത്തെ ജനാധിപത്യരൂപങ്ങള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍ മാത്രമാണെന്ന് നാം കണ്ടു. ആ അര്‍ത്ഥത്തില്‍ ഇന്നത്തെ ആഗോളവല്‍ക്കരണത്തിന്റേയും തദനുസാരിയായ അധിനിവേശത്തിന്റെയും, പ്രകൃതിവിഭവമായ ജലത്തെപ്പോലും വില്‍പ്പനച്ചരക്കാക്കുന്ന കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെയും നിയോ-ലിബറല്‍ വീക്ഷണങ്ങളുടെയും പശ്ചാത്തലത്തില്‍ ആധുനിക ജനാധിപത്യത്തിന്റെ രാഷ്ട്രീയരൂപങ്ങള്‍ എന്തായിരിക്കണമെന്ന് നാം നിര്‍ബന്ധമായും മനസ്സിലാക്കേണ്ടതുണ്ട്. ജനാധിപത്യ പ്രരൂപങ്ങള്‍ വിവിധതരങ്ങളുണ്ടെങ്കിലും അടിസ്ഥാനതത്വം സ്വാര്‍ത്ഥകമായ പൗരസ്വാതന്ത്ര്യവും മനുഷ്യഅവകാശങ്ങളെ സാക്ഷാത്കരിക്കലുമാണ്. മനുഷ്യലോകത്തിലെ (Life world) ഏത് വസ്തുതകള്‍ക്കും രണ്ട് തലങ്ങളുള്ള ആശയപ്രകാശനങ്ങളുണ്ട്, ഒന്ന് സൈദ്ധാന്തികവും മറ്റൊന്ന് പ്രായോഗികവും. അതുപോലെ ജനാധിപത്യ മാതൃകകളിലും രണ്ട് ആശയപ്രകാശനങ്ങളെ (Expression) നമുക്ക് കാണാനാകും. ഭരിക്കപ്പെടുകയും ഭരിയ്ക്കുകയുമെന്ന രണ്ട് തലങ്ങളാണ് ജനാധിപത്യത്തിനുള്ളതെന്നും അതിന്റെ മൗലികതത്ത്വം, ആത്മാവ്, സ്വാര്‍ത്ഥകമായ പൗരസ്വാതന്ത്ര്യമാണെന്നും അതുറപ്പാക്കുന്ന നിയമസംഹിത ജനാധിപത്യത്തിന്റെ ഏത് രൂപത്തിലും ഉണ്ടാകേണ്ടത് മുന്‍ ഉപാധിയാണെന്നും നാം അറിയണം. ഭരിയ്ക്കുക, തിരിച്ച് ഭരിയ്ക്കപ്പെടുക എന്നീ രണ്ടു ഘടകങ്ങള്‍ സ്വാര്‍ത്ഥകമായ പൗര സ്വാതന്ത്ര്യത്തിന് ഉള്ളതിനാല്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ അന്തിമവും അതുകൊണ്ടുതന്നെ കാരണാധിഷ്ഠിതവും നൈതികപരവുമായിക്കേണ്ടതുണ്ട്.

ജനാധിപത്യത്തിന് നാനാമുഖങ്ങള്‍ ഉണ്ടെങ്കിലും രണ്ടുതരം സംവിധാനങ്ങളെയാണ് നാം ഇവിടെ മനസ്സിലാക്കുവാന്‍ പോകുന്നത്. ഒന്ന് ഡലിബറേറ്റീവ് ജനാധിപത്യവും മറ്റൊന്ന് റാഡിക്കല്‍ ജനാധിപത്യവും.വിശകലനാത്മക ജനാധിപത്യം എന്നത് ആ പദം സൂചിപ്പിയ്ക്കുന്നതുപോലെ കാരണാധിഷ്ഠിതങ്ങളാണ് അതിന്റെ തത്ത്വങ്ങള്‍. എന്നാല്‍ radical democracy അഥവാ മൗലിക ജനാധിപത്യം, ഡലിബറേറ്റീവ് ജനാധിപത്യത്തിന്റെ തന്നെ പ്രമാണവാദപരമായ പല അംശങ്ങളെയും വെല്ലുവിളിയ്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇന്നുള്ള നിയോ ലിബറല്‍ കാലഘട്ടത്തിന് വളരെ അനുസൃതമായ ഒരു ജനാധിപത്യരൂപമാണ്. അത് അഭിപ്രായ വ്യത്യാസങ്ങളെയും 'വിസമ്മതങ്ങ'ളെയും വൈരുദ്ധ്യങ്ങളെപ്പോലും അംഗീകരിക്കുക മാത്രമല്ല അവയെ ആശ്രയിക്കുകയും ചെയ്യുന്നു. വ്യത്യസ്തതകള്‍ക്ക്, തദനുസാരിയായ അഭിപ്രായങ്ങള്‍ക്കും ചുറ്റുമായി ജനാധിപത്യത്തെ കെട്ടിപ്പൊക്കുകവഴി സമൂഹത്തില്‍ നിലനില്‍ക്കുന്ന അധികാരഗര്‍വ്വിനെ ഒരുപരിധി വരെ അപനിര്‍മ്മാണത്തിന് വിധേയമാക്കുവാന്‍ ഈ ജനാധിപത്യംകൊണ്ട് സാധിതമാകും. ഇത്തരം ജനാധിപത്യത്തില്‍ ഭരണകൂടത്തിന്റെ മര്‍ദ്ദക സംവിധാനത്തെതന്നെ പരസ്യമായി വിമര്‍ശിക്കാന്‍ അവകാശം ലഭ്യമാകുന്നതുകൊണ്ട് ഭരണകൂട വിമര്‍ശനം seditionല്‍പെടുന്നില്ല. നിയോ-കൊളോണിയല്‍ കാലഘട്ടത്തിനു അനുസൃതമായ ചരിത്രഘട്ടത്തില്‍ ആശ്വാസദായകമായ ഒരു സംവിധാനമാണിത്. ഡലിബറേറ്റീവ് ജനാധിപത്യം ഊന്നല്‍ നല്‍കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളായ സ്വാര്‍ത്ഥകമായ 'തുല്യത' 'പൗരസ്വാതന്ത്ര്യം' മാത്രമാകയാലും 'വിസമ്മതങ്ങ'ളെ അതംഗീകരിക്കാത്തതുകൊണ്ടും പലപ്പോഴും സ്വാര്‍ത്ഥകമായ ന്യൂനപക്ഷ വീക്ഷണങ്ങള്‍പോലും sedition  (ദേശദ്രോഹം ) എന്ന ഭരണഘടന പരിമിതികളാല്‍, ചവിട്ടിമെതിയ്ക്കലിന് വിധേയമാക്കപ്പെടുന്നുണ്ട് എന്നതാണ് അതിന്റെ ഒരു ന്യൂനത. എന്താണ് ശരി? ലോകത്തില്‍ അത് ഏത് രാജ്യത്തിലായാലും പ്രസ്ഥാനങ്ങളുടെ കാര്യത്തിലായാലും ഒരിയ്ക്കലും ഒരഭിപ്രായ സമന്വയത്തില്‍ (Consensus) എത്തിച്ചേരാനാവാത്ത പല വസ്തുതകളും ഇന്ന് നമുക്ക് കാണുവാനാകും. അതുകൊണ്ട് ഇന്ന് പ്രചുരമായ പാശ്ചാത്യ ജനാധിപത്യ മാതൃകയെ വിസമ്മതങ്ങള്‍ക്കു കൂടി പരിഗണനകൊടുത്ത് വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. അതായത്, ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ സ്വാര്‍ത്ഥകമായ തുല്യതയും പൗരസ്വാതന്ത്ര്യവും വിസമ്മതങ്ങളും ചേര്‍ന്നതാവേണ്ടതുണ്ട്.

ലിബറല്‍ ഡെമോക്രസിയുടെ വിമര്‍ശനം
ലിബറല്‍ ഡെമോക്രസി എന്നു പറയുന്നത് നേരത്തെ ചൊന്ന ഡെലിബറേറ്റീവ് ഡെമോക്രസിയുടെ ഒരു ഭേദം മാത്രമാണ്. ന്യൂനപക്ഷമായ ശക്തന്മാരുടെ, പ്രഭുക്കന്മാരുടെ അലംകൃതമായ ഒരു ഭരണരൂപം മാത്രമാണ് ഉദാര ജനാധിപത്യം. അതിലെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം തികച്ചും മുതലാളിത്തപരമാണ്. ധനികവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് രാഷ്ട്രീയവര്‍ഗ്ഗം അവരുടെ മാനിഫെസ്റ്റോ തയ്യാറാക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ അത് ഭൂരിപക്ഷേതര താല്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. കാരണം, ജനാധിപത്യത്തിന്റെ അടിസ്ഥാനം പൗരന്റെ സ്വാതന്ത്ര്യവും അതുപോലെ ഓരോ പൗരനും ഒരുപോലെ നീതി എത്തിപ്പിടിക്കാവുന്നതുമാവണം വ്യവസ്ഥിതി.
അക്കാരണത്താല്‍ത്തന്നെ ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയിലും, ഭരണഘടനാ-നീതിനിര്‍വ്വഹണവും നിയമനിര്‍മ്മാണവും വളരെ ശ്രദ്ധാപൂര്‍വ്വം സമതുലിതമായി നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. അവ സ്വാര്‍ത്ഥകമായി വേര്‍പെടുത്തപ്പെട്ടില്ലെങ്കില്‍ അത് ഭരണത്തിന്റെ ഇടനാഴികളെ വഷളാക്കുകയും അധികാരം കുമിഞ്ഞുകിട്ടുന്നവര്‍ ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുവാനും തദ്വാരാ ജനങ്ങള്‍ക്ക് ജന്മസിദ്ധമായി അവകാശപ്പെട്ട സ്വാതന്ത്ര്യവും തുല്യതയും നിഷേധിക്കപ്പെടുകയും വ്യവസ്ഥതന്നെ ഹാനികരമാവാനും, ഫാസിസ്റ്റ് സമ്പ്രദായങ്ങളിലേക്ക് അത് കൂപ്പുകുത്താനും ഇടയാവും. ഭൂരിപക്ഷ തീരുമാനത്തെ സാധാരണയായി ജനാധിപത്യത്തിന്റെ ലക്ഷണമായി വിവരിച്ചു വരുന്നു. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട ഒരു സര്‍ക്കാരോ നിയമവ്യവസ്ഥയോ ഇല്ലെങ്കില്‍ എതിരഭിപ്രായം വച്ചു പുലര്‍ത്തുന്ന വ്യക്തികള്‍, ഭൂരിപക്ഷ സ്വേച്ഛയില്‍നിന്നും മര്‍ദ്ദനം അനുഭവിക്കേണ്ടിയും  വരുന്നു. അതുകൊണ്ട് ഭൂരിപക്ഷത്തിന്റെ അടിമയാകുന്നതും സ്വാര്‍ത്ഥകമായ സന്ദര്‍ഭത്തില്‍ ഒരു ഡോഗ്മാ മാത്രമാണ്. അതുകൊണ്ടു ജനാധിപത്യം ഉറപ്പാകണമെങ്കില്‍ ചില സംവിധാനങ്ങളെ പ്രൊജക്ട് ചെയ്തതുകൊണ്ടാവില്ല. സ്വാര്‍ത്ഥകമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന, അതിന്റെ സത്ത ഉള്‍ക്കൊള്ളുന്ന നീതിപൂര്‍വ്വകമായ മത്സരം ഉറപ്പാക്കുന്ന, പൊരുളിലും നടപടി ക്രമത്തിലും നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പുകള്‍ അനിവാര്യമാണ്. അതോടൊപ്പംതന്നെ രാഷ്ട്രീയ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം എന്നിവയും പൗരന്മാര്‍ക്ക് അനുഭവിക്കാനാവണം. എങ്കില്‍ മാത്രമേ അവര്‍ക്കു കാര്യങ്ങള്‍ സ്വാര്‍ത്ഥകമായി ഗ്രഹിക്കാനും അവരവരുടെ താല്‍പ്പര്യത്തിനനുസൃതമായി തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താനാവൂ. നിയമത്തിന്റെ തുല്യത, തെരഞ്ഞെടുക്കപ്പെട്ട തന്റെ പ്രതിനിധികളെ തിരിച്ചുവിളിയ്ക്കാന്‍ കഴിയുക; വ്യക്തികളുടെ ദുരിത പരിഹാരത്തിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ആവലാതി സമര്‍പ്പിക്കുവാനുള്ള അവകാശം, സര്‍ക്കാരിന്നു പുറത്ത് പൗരസമൂഹത്തിന്റെ പ്രസക്തി പരിഗണിക്കല്‍, ഇതൊക്കെയാണ് ഉത്തമ ജനാധിപത്യത്തിന്റെ ലക്ഷണങ്ങള്‍, ഭരണകൂടത്തിനു പ്രാമുഖ്യമുള്ള ഈ ചരിത്രഘട്ടത്തില്‍ പ്രത്യേകിച്ചും.
ഇരുപതാം നൂറ്റാണ്ടിലെ ജനാധിപത്യത്തെ ഏറ്റവും ആധുനിക സര്‍ക്കാര്‍ രൂപമെന്ന് വിളിക്കാവുന്നതാണ്. ഈ നൂറ്റാണ്ടു പല സംഭവങ്ങള്‍ക്കും സാക്ഷ്യപ്പെട്ടു. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍, ഒക്‌ടോബര്‍ വിപ്ലവം, ചൈനീസ് വിപ്ലവം, നീര്‍കോളനീകരണങ്ങള്‍, നവദേശരാഷ്ട്രങ്ങള്‍, നിയോ-കൊളോണിയല്‍ ഘട്ടം ഇത്യാദി. 1920 വരെ ജനാധിപത്യം തളരാതെ പുലര്‍ന്നു. എന്നാല്‍ 1930 കളിലെ 'സാമ്പത്തിക മാന്ദ്യം' ഇച്ഛാഭംഗങ്ങള്‍ക്ക് കാരണമായി. ശക്തമായ ജനകീയ ഭരണങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ഭരണസമ്പ്രദായങ്ങളെ കണ്ടു. ഹിറ്റ്‌ലര്‍, മുസ്സോളിനി ഇവരുടെ ഫാസിസ്റ്റ് റിജംകളും ഈ നൂറ്റാണ്ടു കാണുകയുണ്ടായി. രണ്ടാം ലോകയുദ്ധാനന്തരം ഫൈനാന്‍സ് മൂലധനത്തിന് കോളനികളില്‍നിന്നും 'പിന്‍വാങ്ങേണ്ട'തായ ഒരു അടവ് നയം ആവിഷ്‌ക്കരിക്കേണ്ടതായും വന്നു. ഇങ്ങിനെയുണ്ടായ ദേശരാഷ്ട്രങ്ങള്‍ കെയിന്‍സിന്റെ ക്ഷേമരാഷ്ട്രത്തെ ലക്ഷ്യമാക്കി നീങ്ങി. അങ്ങിനെ മുപ്പതുകളിലെ മാന്ദ്യത്തെ 50-60- കളിലൂടെ പരിഹരിക്കാനായി. എന്നാല്‍ 60കള്‍ക്ക് ശേഷം ഈ അവസ്ഥ തിരിയുവാന്‍ (Retrack) തുടങ്ങി. ഭരണകൂടം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്തിരുന്ന സമ്പദ്‌വ്യവസ്ഥകളാണ് ആദ്യം ഈ ലക്ഷണം കാണിച്ചുതുടങ്ങിയതെന്നതാണ് ഒരു കാര്യം. അതിന്റെ പരിണിതി മാത്രമാണ് 1990കളോടെ സോവിയറ്റ് യൂണിയനും മറ്റു കമ്മ്യൂണിസ്റ്റു രാഷ്ട്രങ്ങളും രാഷ്ട്രീയപരമായി തകരാനിടയായത് എന്നതുകൂടി കൂട്ടിവെച്ചു വായിക്കപ്പെടണം.

നമ്മുടെ ഇന്ത്യ പാര്‍ലിമെന്ററി ജനാധിപത്യം പുലര്‍ത്തുന്ന ഒരു ജനാധിപത്യ സംവിധാനമാണ്. നമുക്കറിയാം, ഇത്തരം സംവിധാനങ്ങള്‍പോലും വിമര്‍ശിക്കപ്പെടുന്നുണ്ടെന്നത്. ഒരു രാജ്യത്തെ പൗരന്മാര്‍ക്ക് അവരെ ആരാവണം തെറ്റായി പ്രതിനിധാനം ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഓരോ നിശ്ചിതവര്‍ഷം കൂടുമ്പോള്‍ അധികാരം നല്‍കുന്നതാണ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍, അതൊരു ധനാധിപത്യമാണ് എന്ന അഭിപ്രായം പറഞ്ഞത് മറ്റാരുമല്ല, മാര്‍ക്‌സാണ്! എന്നാല്‍ മാര്‍ക്‌സിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട കമ്യൂണിസ്റ്റ് സംവിധാനങ്ങളോ? ചിലര്‍ ഇന്ന് ക്യൂബയേയും ചൈനയേയും അവകാശപ്പെടുന്നുണ്ട് (!). അവിടെ തുടരുന്നതോ? ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കോ പാര്‍ട്ടിയേതരര്‍ക്കോ രാഷ്ട്രീയസംവിധാനങ്ങളില്‍ യാതൊരു നീതിപൂര്‍വ്വകമായ പ്രാതിനിധ്യവുമില്ല. നമുക്ക് വേണ്ടി, ജനങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി ചിന്തിയ്ക്കും, പുരോഹിതന്മാരെപ്പോലെ, ഖൊമിനിയെപ്പോലെ! സോഷ്യലിസ്റ്റ് ഭരണപ്രക്രിയയില്‍ People the first എന്ന  ജനാധിപത്യ പ്രമാണം തന്നെ നിരാകരിച്ചിരിക്കുന്നു. മനുഷ്യന്റെ സാമൂഹ്യ 'അന്യവല്‍ക്കരണ'ത്തെ ഉച്ഛാടനം ചെയ്യുവാനുടലെടുത്ത സമത്വവാദത്തെ ഏറ്റവും ആധുനികമായ അന്യവല്‍ക്കരണത്തിലേക്കാണ് അതിന്റെ വര്‍ത്തമാനം ലോകത്തെ എത്തിച്ചിരിയ്ക്കുന്നത്. 1920കള്‍ തൊട്ട്, ഇന്ന് നിലവിലുള്ളത്  അതിന്റെ കാര്‍ഗോകള്‍ട്ട് (Cargo Cult) രൂപങ്ങളാണ് എന്ന വിമര്‍ശനം തവിടുപൊടിക്കുന്നു.

എന്താണ് സോഷ്യല്‍ ഡെമോക്രസി?
നമ്മുടെ സഹകരണ പ്രസ്ഥാനങ്ങള്‍ സോഷ്യല്‍ ഡെമോക്രസിയെ അടിസ്ഥാനമാക്കി സംഘടിപ്പിക്കപ്പെട്ടവയാണ്. സമത്വവാദത്തിന്റെ സാമൂഹിക ജനാധിപത്യ സങ്കല്പങ്ങള്‍ എന്നത് സാമൂഹിക ജനായത്തത്തിന്റെ കുറെ രാഷ്ട്രീയസദാചാര മൂല്യങ്ങളാണ്. പാര്‍ലിമെന്റി ജനാധിപത്യത്തിനു കലവറയില്ലാതെ പിന്തുണ കൊടുക്കുന്നതുപോലെയുള്ള ആധുനിക സാമൂഹിക ജനാധിപത്യത്തിന്റെ പ്രധാനലക്ഷ്യം മുതലാളിത്തത്തെ സാമൂഹിക ജനായത്തത്തിന്റെ നൈതികമാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെടുത്തി നവീകരിക്കലാണ്. മുതലാളിത്ത രീതിയിലുള്ള ഉല്പാദന സമ്പ്രദായം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ബദല്‍ സാമൂഹ്യവ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് അതുകൊണ്ടു ലക്ഷ്യമാക്കുന്നത്. അതിനാല്‍ സാമൂഹിക ജനാധിപത്യം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്ക്‌മേല്‍ പടിപടിയായി നടപ്പാക്കപ്പെടുന്നു. സാമൂഹിക നവീകരണങ്ങള്‍ വഴി 'അനുക്രമ സമ്പ്രദായത്തെ' പിന്താങ്ങുന്നു. സാമൂഹിക ജനാധിപത്യം എല്ലാതരത്തിലുമുള്ള ഏകാധിപത്യങ്ങളേയും നിഷേധിക്കുന്നു. എന്നാല്‍ സമത്വവ്യവസ്ഥയിലേക്കുള്ള പടിപടിയായ മാറ്റത്തിനു പകരം ഈ നിയോ-ലിബറല്‍ കാലഘട്ടത്തില്‍ ഇവര്‍ 'ക്ഷേമരാഷ്ട്ര'ത്തെ ലക്ഷ്യമാക്കുന്ന മുതലാളിത്ത പ്രത്യയശാസ്ത്രത്തിനു കീഴ്‌പെട്ട് ന്യൂനീകരിച്ചിരിക്കുന്ന രണ്ടാം ലോകമഹായുദ്ധാന്തരം സമത്വവാദം പ്രമാണമാക്കിയ ഒരു അന്താരാഷ്ട്രസംഘടന 1951ല്‍ ഉണ്ടാക്കപ്പെട്ടു. അത് 'ബോള്‍ഷെവിസ'ത്തേയും (കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ റഷ്യന്‍ പേര്)  മുതലാളിത്തത്തേയും ഒരുപോലെ ആക്ഷേപിക്കുന്നതായിരുന്നു. 'സോഷ്യലിസ്റ്റ് ഇന്റര്‍നാഷണല്‍' അതായിരുന്നു പുതിയ സംഘടനയുടെ പേര്. 'കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലി'നെ അവരെതിര്‍ക്കുകയും മനുഷ്യാവകാശത്തിന്റെ നിരാകരണത്തിന്റെ ഉപകരണമാണതെന്നും അവര്‍ കുറ്റപ്പെടുത്തി. എവിടെയൊക്കെ അധികാരം പിടിച്ചെടുത്തോ, അവിടെയൊക്കെ പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും പൗരന്‍ സ്വതന്ത്രനാവാനും തദ്വാരാ പ്രബുദ്ധരാവാനുള്ള അവസരം ഇല്ലാതാക്കുകയും അത് ചെയ്തുവെന്ന് അവര്‍ പ്രഖ്യാപിച്ചു. അച്ചടക്കം മാത്രം സിദ്ധമായ ഒരുദ്യോഗസ്ഥ വൃന്ദവും മെനെജെരിഅല് വര്‍ഗ്ഗവും  പോലീസ് അതിക്രമങ്ങളുമായിരുന്നു കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആധാരം. ഉല്പാദനരംഗത്ത് സമ്പത്തും അധികാരവും തമ്മില്‍ ഒരവിഹിത വേഴ്ചയുണ്ടാവുകയും ഒരു പുത്തന്‍ മുതലാളിവര്‍ഗ്ഗം അതിലൂടെ ഉണ്ടാക്കപ്പെടുകയും ഉണ്ടായി. താഴെപ്പറയുന്ന കാര്യങ്ങള്‍ 'സോഷ്യലിസ്റ്റ് ഇന്റര്‍ നാഷണല്‍' ഉയര്‍ത്തിപ്പിടിക്കുന്നു. അത് വ്യക്തിസ്വാതന്ത്ര്യവും മറ്റു വിവേചനങ്ങളില്‍നിന്നുള്ള പൗരന്റെ സ്വാതന്ത്ര്യത്തെയും ഉറപ്പാക്കുന്നു. ഉല്പാദനരംഗത്ത് ആക്ഷേപകരമായ (Delusive)  ദുഷ്പ്രഭുക്കളെ ആശ്രയിക്കുന്നതില്‍നിന്നുള്ള മോചനം തുല്യതയും സാമൂഹ്യനീതിയും ഉറപ്പാക്കല്‍, അത് നിയമത്തിലും സാമൂഹ്യപരമായും സാംസ്‌കാരികരംഗത്തും ഉറപ്പാക്കല്‍, ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ളവര്‍ക്ക് സംരക്ഷണം, തുല്യാവസരങ്ങള്‍ ഉറപ്പാക്കല്‍, അനീതിക്കും വിവേചനത്തിനും ഇരയാവുന്നവരോടുള്ള സഹാനുഭൂതി, ഐക്യദാര്‍ഢ്യത എന്നിവയാണവ.

സാമൂഹ്യ ജനാധിപത്യത്തിന്റെ വിമര്‍ശനവും പ്രത്യയശാസ്ത്രത്തിന്റെ മൂന്നാംവഴിയും
പ്രത്യയശാസ്ത്രത്തിന്റെ മൂന്നാംവഴി, അതായത് സാമൂഹ്യ ജനാധിപത്യത്തിന്റേയും,സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ വഴിയും വിമര്‍ശനം വിളിച്ചുവരുത്തുന്നവയാണ്. പ്രത്യയശാസ്ത്രത്തിന്റെ മൂന്നാംവഴി സ്വീകരിക്കല്‍ മധ്യവാദ നിലപാടിലേക്ക് അവരെ എത്തിയ്ക്കുന്നു. ഈ വഴിയെക്കുറിച്ച് ഒരല്പം. ഇന്നത്തെ ചരിത്രഘട്ടം നേരിടുന്ന മുഖ്യവൈരുദ്ധ്യം. സാമൂഹ്യ ഉല്പാദനവും സ്വകാര്യ ഉടമസ്ഥതയുമാണ്. ഇതിനെ നിര്‍ദ്ധരിക്കുന്ന (Solve) പദ്ധതികളിലൂടെയാണ് ഓരോ വഴികളും ഉണ്ടാവുന്നത്. സാമൂഹ്യ ഉടമസ്ഥതയിലൂടെ മാത്രമേ ഇതിന്നറുതി ഉണ്ടാവൂ എന്ന് വിശ്വസിക്കുന്നവരാണ് 'ഇടതുപക്ഷ'ക്കാര്‍ സ്വകാര്യ ഉടമസ്ഥതയെ പരിരക്ഷിക്കണമെന്ന വാദക്കാരെ വലതുപക്ഷക്കാരെന്നും. ഇവയെ രണ്ടിനേയും യുക്തിപൂര്‍വ്വം ആശ്ലേഷിക്കുന്നവരെയാണ് 'മൂന്നാംവഴി' എന്നു പറയുന്നത്. എന്നാല്‍ മധ്യമന്മാര്‍ ഇടത്തോട്ടോ വലത്തോട്ടോ ചരിയുന്നു. ഇന്നത്തെ 'കോര്‍പ്പറേറ്റ് കള്‍ച്ചറി' ന്റെ സ്വാധീനത്താലോ 'ഇടതുപക്ഷ രാഷ്ട്രീയ'ത്തിന്റെ ച്യുതിമൂലമോ എന്നു പറയാനാവില്ല, ജനം (Electorate)മധ്യവര്‍ഗ്ഗ കാഴ്ചപ്പാടിനെയാണ് പിന്തുടരുന്നത്. ഇന്ന് ഒരിടതുപക്ഷത്തിനും അവരുടെ രാഷ്ട്രീയത്താല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാവുന്നില്ല, പകരം അവര്‍ വീക്ഷണങ്ങളില്‍ മധ്യവാദത്തിലേക്കാണ് നീങ്ങുന്നത്.  അതിന്നു കാരണമായ് അവര്‍ പറയുന്നത് വോട്ടര്‍മാര്‍ മധ്യമാര്‍ഗ്ഗവാദികളായിരിക്കുന്നു എന്നാണ്. അവര്‍ 'അഭിലാഷിതരും' (aspirationalist)'ഉപഭോഗാസക്തരും' (Consumerist) ആയിരിക്കുന്നുവെന്നാണ് ബഹുജനങ്ങളില്‍നിന്നും അന്യംപോയ രാഷ്ട്രീയക്കാരന്റെ ഭാഷ്യം! 'സാമൂഹ്യ ഉടമസ്ഥത' എന്ന ഇടതുപക്ഷ പ്രമാണത്തെ ന്യൂനീകരിച്ച് 'സ്റ്റേറ്റ് മുതലാളിത്തത്തിലേക്ക്' നീങ്ങിയ ഇടതുപക്ഷത്തിന് പുരോഗമനവാദികളുടെ ആകര്‍ഷണം നഷ്ടമായിരിക്കുന്നു. ഉത്തമ സോഷ്യലിസ്റ്റ് ജനാധിപത്യത്തിലെ ഭരണകൂടേതര സംവിധാനത്തെ അവര്‍ ഭരണകൂട സംവിധാനമാക്കി ന്യൂനീകരിച്ച് ജനവിരുദ്ധം എന്ന പ്രത്യയശാസ്ത്രത്തിലേക്കും 'സെല്‍ഭരണ' ത്തിലേക്കും എത്തിയിരിക്കുന്നു. ഇതിനുള്ള നിഷേധമായി വോട്ടര്‍മാര്‍ 'മധ്യവര്‍ഗ്ഗപാത'   തുടരുന്നു. അതുകൊണ്ട് 'ഇടതുപക്ഷ'ക്കാരും പ്രകടമായ വലതുപക്ഷ മുദ്രാവാക്യങ്ങളില്‍ അഭിരമനം തുടരുന്നു. ഉദാഹരണത്തിന് 1997 ല്‍ ബ്രിട്ടണില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരികയും മാഡം താച്ചര്‍ 1980ല്‍ തുടങ്ങിയ ഭരണപരിഷ്‌കാരങ്ങള്‍ തുടരുകയാണ് അവര്‍ ചെയ്തത്. ദേശസാല്‍കൃത വ്യവസായങ്ങള്‍ വിറ്റഴിക്കുക വഴി, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിക്കുകയാണുണ്ടായത്. ഈ പരിതസ്ഥിതിയില്‍ 'ഇടതുപക്ഷ'ങ്ങളും 'മധ്യ-ഇടതുപക്ഷ'ങ്ങളും സോഷ്യല്‍ ഡെമോക്രസിയുടെ 'മധ്യ-വലതുപക്ഷ'വ്യതിയാനങ്ങളെ വ്യാപകമായ വിമര്‍ശനത്തിനു ശരവ്യമാക്കുന്നു.

സമകാലിക സാമൂഹ്യ ജനാധിപത്യം പൊതുവായി സ്വകാര്യ - പൊതുമേഖലാ സംരംഭങ്ങളെ ഉള്‍ക്കൊളളുന്ന മിശ്ര സമ്പദ്‌വ്യവസ്ഥയേയും, നിലവിലുള്ള സാമൂഹ്യ സുരക്ഷിതത്വ സംവിധാനത്തേയും പിന്തുണയ്ക്കുന്നു. തൊഴിലാളികളുടെയും, ഉപഭോക്താക്കളുടെയും സംരക്ഷണത്തിനും തൊഴിലാളി അവകാശങ്ങള്‍ക്കായും, ഉപഭോക്തൃ സംരക്ഷണത്തിനും വിലനിയന്ത്രണത്തിനും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന വിദേശനയത്തെയും മനുഷ്യാവകാശ സംരക്ഷണത്തിനും പൗര അവകാശത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിയ്ക്കും ഇവര്‍ പ്രാമുഖ്യം നല്‍കുന്നു.
ഇതൊക്കെയാണ് മൂന്നു പ്രത്യയശാസ്ത്ര സരണികളും പുരോഗമനത്തിന്റെ വിവിധധാരകളും നാം ഇരുപതാം നൂറ്റാണ്ടില്‍ കണ്ടത്. കൂടാതെ ഈ നൂറ്റാണ്ടില്‍ നമ്മെ വേദനിപ്പിക്കുന്ന ഒരുകാര്യവുംകൂടി കണ്ടു. അതായത് നാമെല്ലാം ഒരിക്കല്‍ വിശ്വസിച്ചിരുന്ന, ചിലര്‍ ഇന്നും വിശ്വസിക്കുന്ന 'ശാസ്ത്രീയ' സാമൂഹ്യ സംഘാടനത്തിന്റെ സാംഗത്യത്തെക്കുറിച്ച് സൈദ്ധാന്തിക തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. ഇന്നു നാം നോക്കുമ്പോള്‍ സൃഷ്ടിക്കപ്പെട്ട ഒരു സോഷ്യലിസ്റ്റ് ഭരണകൂടവും 'സ്വയം പൊഴിഞ്ഞുപോകാവുന്ന' വിധത്തിലല്ല സ്ഥാപിതമാക്കപ്പെട്ടിരിക്കുന്നതെന്ന സത്യത്തെ കാണാതിരുന്നുകൂടാ. മാത്രമല്ല, അതുകൊണ്ടുതന്നെ അവിടെ നിലനിന്നിരുന്ന, ഭരണകൂടം യഥാര്‍ത്ഥ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ (പ്രൊലക്‌റ്റേറിയന്‍ ഡിക്‌ടേറ്റര്‍ഷിപ്പ്) ആധിപത്യങ്ങളെല്ലായിരുന്നുവെന്നും, അത് കേവല തൊഴിലാളിയുടെ (Class - in - itself) ഭരണകൂട രൂപങ്ങളായിരുന്നു എന്നു കാണാം. അത് മുതലാളിത്ത ഭരണകൂടത്തിന്റെ തന്നെ തനിപകര്‍പ്പും, അതിനേക്കാള്‍ ഭൂരിപക്ഷത്തിന്റെ ഏകാധിപത്യവുമായിരുന്നു. അതിന് മാര്‍ക്‌സ് ഉന്നയിച്ച സാമൂഹ്യ 'അനവല്‍ക്കരണത്തെ' ഒരു തെല്ലുപോലും ഒഴിവാക്കാനായില്ലെന്നു പോട്ടെ, അതിനെ ബീഭത്സമാക്കുകകൂടിയാണ്, മനുഷ്യാവകാശധ്വംസനത്തിലൂടെ നടപ്പാക്കപ്പെട്ടത് എന്ന് ലേഖകന്‍ സംശയിക്കുന്നു. ചരിത്രവ്യക്തി എന്തുചിന്തിക്കണമെന്നു പാര്‍ട്ടി നിശ്ചയിക്കുക! ഭക്തന്‍ എങ്ങിനെ ചിന്തിക്കണമെന്ന് പുരോഹിതന്‍ 'ഫത്ത്‌വാ' നല്‍കുക! ഇങ്ങിനെ മധ്യകാലയുഗത്തിന്റെ ഭരണരീതിയുടെ ഒരു തനിയാവര്‍ത്തനമായിരുന്നു ഭരണരംഗത്ത് നടമാടിയത്. രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങള്‍ക്കും അവരുടെ നിലപാടുകള്‍ക്കും അഭിലാഷങ്ങള്‍ക്കും യാതൊരു നേതൃത്വപരമായ പങ്ക് പൊരുളിലും നടപടികളിലും നല്‍കിയിരുന്നില്ലെന്നും ഇതിന്റെഫലമായി രാഷ്ട്രീയ പുരോഹിതന്മാര്‍ക്കെതിരെ തീര്‍ത്താല്‍തീരാത്ത ഒരുപക ഉണ്ടാക്കിയെടുക്കുന്നതില്‍ പാര്‍ട്ടിയും, രാഷ്ട്രീയപുരോഹിതരും 'മാന്യ'മായ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നും, ഈ നൂറ്റാണ്ടിന്റെ മനസാക്ഷി അങ്ങിനെയാണ് കരുതുന്നതെന്ന് എനിക്ക് തോന്നുന്നു. ഇനി ഈ ഭരണസംവിധാനത്തില്‍ പൗരാവകാശത്തില്‍ എന്തെങ്കിലും മെച്ചം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഭരണഘടനാപരമായിരുന്നില്ലെന്നും, അത് പാര്‍ട്ടിയുടെ ദയാദാക്ഷിണ്യംകൊണ്ടു മാത്രമായിരുന്നെന്നും ഞാന്‍ കരുതുന്നു. സാമൂഹ്യവര്‍ഗ്ഗങ്ങളുടെ ഉദയത്തിലൂടെയാണ് ഭരണകൂട രൂപങ്ങള്‍ ഉണ്ടായത്. ഈ ഭരണകൂട സര്‍വ്വാധിപത്യത്തില്‍നിന്നും ഭരണത്തെ ജനങ്ങളിലേക്ക് തിരിച്ചെത്തിക്കുക എന്നതായിരുന്നു 'പുരോഗമന  പ്രത്യയശാസ്ത്രത്തിന്റെ' ലക്ഷ്യം! എന്നാല്‍, ഇവരുടെ പാഠപുസ്തകധാരണകളില്‍ ഇവര്‍ക്കാര്‍ക്കും അത് ഗ്രഹിക്കാനാവുന്നില്ല.
ചുരുക്കത്തില്‍, 1920കളിലെ 'വാര്‍ കമ്മ്യൂണിസ'ത്തിനുശേഷം 'ബോള്‍ഷെവിസം' ഒരു 'രാഷ്ട്രമത'മായി തുടരുകയാണുണ്ടായത്?  അതിനു മാര്‍ക്‌സിനോടല്ല സാത്മ്യം, പകരം ലൂയി ബ്ലാങ്കിയോടായിരുന്നു? (ഒന്നാം ഇന്റര്‍നാഷണലിന്റെ ഒരു വക്താവ്)

ഉപസംഹാരം.............മനുഷ്യന്റെ വളര്‍ച്ച
'ആവശ്യ'ങ്ങളില്‍ നിന്നാരംഭിച്ച ഈ 'പ്രഭാഷണം' മനുഷ്യന്റെ വളര്‍ച്ച എന്ന അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെ നാം 'ചര്‍ച്ച' ചെയ്തത് മനുഷ്യന്‍ കടന്നുവന്ന സാമൂഹ്യ വികാസങ്ങളുടെ 20-ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ഗതിവിഗതികളെയാണ്. എന്താണ് മനുഷ്യന്റെ വളര്‍ച്ച? മനുഷ്യരെന്ന നിലയില്‍ നമ്മുടെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കാന്‍ കഴിയുന്നതും അവന്റെ വികസിതമായ അറിവും അതിനെ പ്രവര്‍ത്തനവല്‍ക്കരിക്കുവാനുള്ള കഴിവും സംയോജിപ്പിക്കുന്നതിലൂടെയാണ് മനുഷ്യവളര്‍ച്ച സംഭവിക്കുക. നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക് രണ്ടു വിധത്തിലുള്ള ആവശ്യങ്ങള്‍ ഉണ്ട്. ഒന്ന് 'അടിസ്ഥാന ആവശ്യങ്ങള്‍',  ആയിത്തീരേണ്ട ഏതെങ്കിലും ആവശ്യങ്ങള്‍ നമുക്ക് ജീവിതത്തില്‍ വേണം. സുപ്രധാനങ്ങളായി തോന്നാവുന്നവ, ഞാനെന്താവണമെന്നോ, എന്നെ മറ്റാരെങ്കിലുമായോ തുലനപ്പെടുത്താവുന്നതും ബന്ധപ്പെടുത്താനാവുന്ന ഒരുതരം ചോദനകളോ ആവാം അവ. ഇതെല്ലാം ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങളാണ്. എന്നാല്‍ രണ്ടാമത്തെ തരം ആവശ്യങ്ങള്‍ 'സഫലീകരിക്കപ്പെടേണ്ടവ'യുടെ (Fulfilling needs) ഗണത്തില്‍പ്പെടുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ തീര്‍ച്ചയായും സാക്ഷാല്‍ക്കരിക്കപ്പെടാവുന്നവതന്നെ. എന്നാല്‍ സഫലീകരിക്കപ്പെടേണ്ടത് പലപ്പോഴും ഭാവി അഭിലാഷങ്ങളായി സാക്ഷാല്‍ക്കരിക്കപ്പെടേണ്ടതായിത്തന്നെ തുടരാം. അതുകൊണ്ട്, രണ്ടാമത്തെ തരത്തിലുള്ള ആവശ്യങ്ങള്‍ നമ്മുടെ വിളിപ്പാടിനും അപ്പുറമാണ്. ഈ ആവശ്യങ്ങള്‍ തനിക്കപ്പുറത്തേക്ക് നീങ്ങുന്നു. ഈ അനാദൃശ്യത എന്നെ 'ആള്‍ക്കൂട്ട'ത്തില്‍നിന്ന് വ്യതിരിക്തനാക്കുകപോലും ചെയ്യുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് നമ്മുടെ അസ്തിത്വത്തില്‍ നിന്ന് ഉന്നതതലങ്ങളില്‍ എത്തിപ്പെടുവാന്‍ നാം ആഗ്രഹിച്ചാല്‍ മാത്രമേ മേല്‍പ്പറഞ്ഞവ സഫലീകരിക്കപ്പെടൂ. അതിനു നാം വളരേണ്ടിയുമിരിക്കുന്നു. അറിവ് അതിന്നാനിവാര്യവുമാണ്. ഈ അറിവ് കേവലം വ്യക്തിനിഷ്ഠമായ സത്യപ്രാപ്തിയേക്കാള്‍ ഉപരി സാമൂഹിക നിഷ്ഠവും പ്രാപഞ്ചിക ധര്‍മ്മത്തിന് അനുസൃതവുമായ സമഗ്രവും ഗഹനവുമായ ഒരു തലത്തിലുള്ളതാണ്. നമ്മുടെതന്നെ വേദാന്തര്‍ഗതമായ നിത്യാനിത്യവസ്തുവിവേകവും അതിലൂടെ 'ആത്മസാക്ഷാത്കാരം' സാധിച്ചെടുക്കുന്നതിലൂടെ ഇതു സാധ്യമാകും. എന്നാലിത് 'സമഷ്ടിബോധത്തെ' നിരാകരിച്ചുകൊണ്ടല്ല, സ്വീകരിച്ചുകൊണ്ടാണ് പ്രാപ്തമാക്കേണ്ടത്. മനുഷ്യലോകത്തിനു (life world) രണ്ടുതരം ആശയപ്രകാശനങ്ങളുണ്ട് എന്ന് നാം കണ്ടു. ഒന്ന് 'ആശയ'ത്തിന്റെയും മറ്റൊന്ന് 'ഭൗതികത'യുടെയും സംയോഗത്തിലൂടെ മാത്രമേ മനുഷ്യചിന്ത സാര്‍ത്ഥകമാകൂ. ബാക്കി ഏതറിവുകളും സോപാധികവും ഭാഗികവും ഏകപക്ഷീയതകളിലുമാണ് നമ്മെ എത്തിയ്ക്കുക. അതുകൊണ്ടാണ് ഹേഗല്‍ മനുഷ്യഅറിവിന്റെ ഡയലക്ടിക്കല്‍ രീതിയെക്കുറിച്ച് ഇങ്ങിനെ പറഞ്ഞത്. സജീവവും ഫലപ്രദവുമായ ഒരു സംഭാഷണത്തിനിടയിലൂടെ എങ്ങിനെ വസ്തുതകളുടെ ഉള്ളടക്കം കൂടുതലായി അനാവരണം ചെയ്യുന്നുവെന്ന്. ആ ഒരു സംവാദരീതിതന്നെയാണ് ലേഖനത്തില്‍ അവലംബിച്ചിരിക്കുന്നത്. നമ്മുടെ പ്രായത്തിന്റെയും അനുഭവത്തിന്റേതുമായ വെളിച്ചത്തില്‍ പഴയ വസ്തുതകളെ പുതിയ വെളിച്ചത്തിലൂടെ കാണാന്‍ കഴിയേണ്ടതുണ്ട്. അതനുസരിച്ച് ലോകത്തെക്കുറിച്ചും അതിലെ വ്യക്തികളെക്കുറിച്ചും നമ്മുടെ വീക്ഷണങ്ങള്‍ക്ക് മാറ്റം വരും. മനുഷ്യന്റെ അവബോധത്തിനും വികാസമുണ്ടാവുന്നു. അതുകൊണ്ടാണ്, മനുഷ്യഅവബോധത്തിന്റെ വികാസത്തെക്കുറിച്ചുള്ള പഠനത്തിന്റെ രീതിയെ ഒരു താത്ത്വിക സംഭാഷണവുമായി സാത്മ്യപ്പെടുത്തി 'വൈരുദ്ധ്യാത്മക' മെന്ന് വിളിക്കുന്നതും.


കെ.എസ്.രാധാകൃഷ്ണന്‍

"To be radical is to grasp the root of the matter.But for man the root is man himself" - Marx

1 comment:

  1. ജനായത്വം എന്നാല്‍ എന്തു ?
    ‘ജനായത്വം’ എന്നത് അതൊരു സംസ്കാരം ആണ്, മനുഷ്യന് മനസിന്റെ വെളിച്ചം ആണത് . അത് കുറഞ്ഞ ഒരു സ്പേസ് ഇല്‍ അവതരിപ്പികുക ദുഷ്കരവും . എന്നാല്‍ ഫുഡലിസത്തില്‍ നിന്നു മുതലാളിത്തം ഉണ്ടായ മുറക്ക് ആണ് ജനായതം നാം അനുഭവിക്കാന്‍ തുടങ്ങിയത് .സാമൂഹിക ഉല്‍പാദനം ആരംഭിച്ചത് മുതല്‍ ,മനുഷ്യന്‍ ഉല്പാദന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സന്ഘം ചേരുവാന്‍ തുടങ്ങി. അതിലൂടെ സാമൂഹ്യനീയമങ്ങള്‍ ആവശ്യമായി വന്നു .അങ്ങിനെ സാമൂഹ്യ നിയമങ്ങള്‍ ഉണ്ടാവുകയും , ‘പ്രജകള്‍’ ആയ്യി മാത്രം അസ്തിത്വം പുലര്‍ത്തിയിരുന്നവേര്‍ 'ജനം' എന്ന വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു . ഇതാണ് അറിവുകള്‍ ചരിത്രപരമായി ഉണ്ടാവുന്നതും വികസിക്കുന്നതും എന്നു പറയുന്നതും .അങ്ങിനെ ആണ് ബൂര്‍ഷ ലിബറല്‍ ചിന്തകളും , പ്രബുദ്വത്തയും 18ആം നൂറ്റാണ്ടില്‍ സമൂഹത്തിനു ഉണ്ടായത് . കൂടെ അറിയല്‍ പ്രക്രിയയില്‍ രാഷണലിസം, കാന്‍റ് ചിന്തകള്‍ ഇടം പിടിച്ചതും .മനുഷ്യനു ബാഹ്യമായ, ദൈവം , രാജാവു , നേതാവ് , സ്റ്റേറ്റ് ഇവയല്ലാം തിരസ്കരിക്കപ്പെട്ടു , താത്വികമായി ട്ടെങ്കിലും. മാര്‍ക്സ് , കാന്ടിന്റെ ഒരു ശിഷ്യന്‍ ആയിരുന്നു .എന്നാല്‍ ഈ ലിബേരലിസം കര്‍ടലുകള്‍ രൂപം കൊണ്ടെപ്പോള്‍ അതിന്റെ ഉള്ളടക്കം ചോര്‍ന്ന് തുടങ്ങി .അതുകൊണ്ടാണ് സാംബത്തിക ഘടന ആണ് ഉപരിഘടനകളെ നിശ്ചയികുന്നത് എന്നു പറയ്യുന്നതിന്റെ സാഗത്യവും ! അപ്പോള്‍ ലിബറല്‍ ചിന്തയുടെ ഉള്ളടക്കം തിരിച്ചു പിടികൂക എന്ന അനിവാര്യതയില്‍ നിന്നാണ് പുരോഗമന ചിന്ത , proletarian ചിന്ത ആവിര്‍ഭവികുന്നത് . അതുകൊണ്ടാണ് proletarian ചിന്ത ചരിത്രപരമായി അഭികാമ്യം ആകുന്നത് . അല്ലാതെ അതൊരു apriori സത്യം ആയി നാം അങ്ഗീകരികുന്നത് കൊണ്ടല്ല ,കൂടാതെ കേവലവും അല്ല. അതുകൊണ്ടാണ് ഇങ്ങിനെ പരേയുന്നത് ,പുരോഗമനവാദം 3 ചില്ലകള്‍ ഉല്‍കൊള്ളുന്നു എന്നത് . ഒന്നു ഫ്രെഞ്ച് socialist രാഷ്ട്രീയം , രണ്ടു ജര്‍മന്‍ ക്ലാസ്സിക്കല്‍ ഫിലാസഫീ , മൂണ് ഇങ്ഗ്ളണ്ടിലെ സാമ്പത്തിക ശാസ്ത്രം . അതുകൊണ്ടു ഫ്രെഞ്ച് socialist രാഷ്ട്രീയത്തിലെ ലിബറല്‍ ജനാധിപത്യം ആണ് പുരോഗമന പ്രസ്ഥാനത്തിന്റെ പൂര്‍വപക്ഷം ! അല്ലാതെ നമ്മുടെ ആരുടേയും ആഗ്രഹചിന്ത അല്ല അത് .

    അതുകൊണ്ടു തന്നെയാണ് ജനായതത്തിന്റെ കാവല്‍ പക്ഷക്കാര്‍ കമ്മുണിസ്റ്റുകള്‍ ആണ് എന്നു ഞാന്‍ പറയുന്നതു . അല്ലാതെ ജനായത്തം ഇന്നത്തെ ലെനിനിസ്റ്റുകള്‍ പറയുന്ന ബൂര്ഷാസികളുടേത് അല്ല .ലെനിനിസ്റ്റുകള്‍ ചെയ്യുന്നത് ജനായാത്തം കാപിറ്റലിസ്റ്റുകളുടേത് മാത്രം ആണെന്ന് വരുത്തി തീര്‍കുക ആണ്, ആവേരുടേത് പകരം കേന്ദ്രീകൃത ജനാധിപത്യം ലെനിനിസ്റ്റുകലൂടെത് എന്നു പറയുന്നവേറും ഇവിടെ കാണാം എന്നു തോന്നുന്നു . അതായത് ലെനിന്റെ പേര് ഉപയോഗിച്ച് മുതലാളിത്യ വര്‍ഗത്തിന്റെ പ്രചാരകര്‍ ആവുകയാണ് ഫലത്തില്‍ ഇവര് .ആവേര്‍ക്ക് വര്‍ഗ സഹായം ചെയ്യലാണ് ഇകൂട്ടര് ചെയ്യുന്നത് തന്നെ . അങിനെ ഈ പുരോഗമന പ്രത്യയ ശാസ്ത്രത്തിന്റെ കുലംകുത്തികള്‍ (renegade) ആയി അധപ്പതികുക ആണ്.120 കോടി ജനതയെ 10ഓ 15ലക്ഷം വരുന്നവേരുടെ പ്രതിനിധാന സെല്‍ ഭരണം ആണ് പ്രോലെറ്റേറിയന്‍ ജനായത്തം എന്നു പറഞ്ഞു ബഹുജനത്തെ പ്രസ്ഥാനത്തില്‍ നിന്നു അന്യം ആക്കുകയും , പുരോഗമന പ്രസ്ഥാനത്തെ കേവലം ഒരു പാര്‍ട്ടി apparatus regime ആക്കി ന്യൂനീകരികുകയും ആണ് .ഇതാണ് ലെനിന്റെ രാജ്യങ്ങളില്‍ കണ്ടത് , ഇവിടെ ആ പാര്‍ട്ടികളില്‍ കാണുന്നതും!!!അതായത് 'സ്വാതന്ത്രം' എന്നാല്‍ അനിവാര്യതകല്‍ക് പുറതേക്ക് നോകുക അല്ലെന്നും , അനിവാര്യതകളെ മനസിലാക്കല്‍ ആണെന്നും ഉള്ള ഹഗേലിയന്‍ ചിന്ത ആണ് മാക്സിന്റെ പേരില്‍ ഈ മാര്‍ക്സിസ്റ്റുകള്‍ വിറ്റഴികുന്നത്! അത് ആവേരുടെ പാര്‍ട്ടി അപ്പാരടുസ് റെജിമിനെ സംരക്ഷിക്കാനും ആണ് , അതാണ് ഈ വാദത്തെ ഇന്ന് ബഹുജനങ്ങളില്‍ നിന്നും തിരസ്കൃതമാക്കിയ്തും. അതുകൊണ്ടു പുരോഗമന ചിന്തക്കല്ല, മറിച്ചു അതിന്റെ 'കൈക്കാര്‍' നമ്മളില്‍ നിന്നും ബഹിശ്ക്‍രുത്തര്‍ ആയിരികുന്നു .

    ReplyDelete